Wednesday, October 31, 2012

അദ്ധ്യായം- 3




വിമാനയാത്രയ്ക്കിടയില്‍ കൃഷ്ണനുണ്ണി വെറുതെ എന്ന മട്ടില്‍ ഒരു ചോദ്യം എടുത്തിട്ടു. എയര്‍ ഹോസ്റ്റസുമാരുടെ ആംഗ്യപ്പാട്ടുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ശേഷമാണ് വിമാനം ടേക്കോഫ് ചെയ്തത്. എയര്‍
ഹോസ്റ്റസുമാര്‍ക്ക് ഉണ്ടാവുമെന്ന് പറയപ്പെടുന്ന അഴകൊന്നും അയാള്‍ എവിടെയും കണ്ടില്ല. യൂണിഫോമിനുളേ#ഌല്‍ ഒതുക്കമില്ലാത്ത ശരീരങ്ങള്‍ അമര്‍ത്തിവെച്ച രണ്ടുതരുണികള്‍.
സത്യത്തില്‍ പി. സി. ഇപ്പോള്‍ എന്തിനാണ് തിരക്ക് പിച്ച് ദ്വീപിലേക്ക് പോവുന്നത്?
അതെന്തു ചോദ്യമാണ്?
അതാണ് ചോദ്യം. പി. സി. ക്ക് കാണേണ്ടത് ആന്ത്രോത്താണെന്ന് പണ്ടേ പറയുന്നു. ഇപ്പോള്‍ ആന്ത്രോത്ത് നമ്മുടെ യാത്രയിലൊരിടത്തും വരുന്നില്ല.
ദ്വീപ് ആകെയൊരാനന്ദമല്ലേ?
എന്നാലും ഈ യാത്രയില്‍ മറ്റൊരു ലക്ഷ്യവുമില്ലെന്നോ? സത്യം പറയരുതോ?
വിജയ മല്യയുടെ വിമാനത്തില്‍ ടമസ്ഥനെ പ്രകീര്‍ത്തിക്കുന്ന ആര്‍ട്ട് പേപ്പര്‍ സാഹിത്യം ധാരാളമുണ്ട്. ഉയര്‍ന്നു പൊങ്ങുന്ന വിമാനത്തില്‍ നിന്ന് നഗരത്തിലെ മാലിന്യക്കൂമ്പാരം വ്യക്തമായി കാണാം. അവയെ മറച്ചുവെയ്ക്കുന്ന പച്ചപ്പ് ധാരാളമായി ഉണ്ടെങ്കിലും. എത്ര മറച്ചുവെച്ചാലും കാഴ്ചകളിലേക്കും ജീവിതത്തിലേക്കും മാലിന്യങ്ങള്‍ കടന്നുവരുന്നു. ഭൂമിയില്‍ നിന്ന് ഏറെ മുകളിലാണെങ്കിലും മാലിന്യക്ക്കൂമ്പാരം ചെറുദൃശ്യങ്ങളായി അകന്നകന്നുപോവുന്നു. ഭൂമിയുടെ ദുരിതങ്ങള്‍ ആകാശങ്ങളുടെ ഉയരങ്ങളില്‍  എത്തിച്ചേരുന്നില്ലെന്ന് കണ്ണടച്ച് പാലു കുടിക്കാമെന്നയാള്‍ കരുതി.
ഇല്ല, ഒരു ലക്ഷ്യവുമില്ല.
വളരെ വൈകിയ മറുപടികേട്ട് കൃഷ്ണനുണ്ണി ചിരിച്ചു. ചിരി അല്പമുറക്കെയായത് അടുത്ത വരിയിലെ മദാമ്മയ്ക്ക് രസിച്ചുവെന്ന് തോന്നുന്നു. അവര്‍ ചെരിഞ്ഞുനോക്കി, മന്ദഹസിച്ചു.  വെള്ളക്കാക്കയാണ് ചെരിഞ്ഞുനോക്കുന്നതെന്നും കടലിലൂടെ അവര്‍ ഒരു വെള്ളക്കാക്കയായി പാറുകയാണെന്നും വൈലോപ്പിള്ളിയെ ഓര്‍ത്തുകൊണ്ട് അയാള്‍ നിരൂപിക്കുന്നു.
എന്താ മാഷ് ചിരിച്ചത്?
ഏയ്, ഒന്നുമില്ല. ഒരുലക്ഷ്യവുമില്ലാതെ തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ താന്‍ വിനോദയാത്രനടത്തുന്നു.
അതിന് ഇത് വിനോദയാത്രയല്ലല്ലോ.
തര്‍ക്കം അവസാനിപ്പിച്ച മട്ടില്‍ ഹും എന്ന ശബ്ദമുണ്ടാക്കി ആ സംഭാഷണം അവിടെ അവസാനിപ്പിക്കുന്നു, കൃഷ്ണനുണ്ണി. ഇയാള്‍ക്ക് അങ്ങിനെ ചില മാര്‍ഗ്ഗങ്ങളുണ്ട്. കുറ്റം പറയാനാവാത്തരീതിയില്‍ അനിഷ്ടം രേഖപ്പെടുത്തുന്ന ചില സവിശേഷ രീതികള്‍.
വിമാനം ഇപ്പോള്‍ പൂര്‍ണ്ണമായും കടലിനുമുകളിലൂടെ പറക്കുകയാണ്. ഒരു മണിക്കൂര്‍ കടലിനുമുകളില്‍ പറക്കും.
മേഘങ്ങളാണ് കാണുന്നത്. മേഘങ്ങള്‍ക്കിടയിലൂടെ സൂക്ഷിച്ചുനോക്കിയാല്‍ മാത്രമേ കടല്‍ കാണാന്‍ കഴിയുകയുള്ളൂ. എവിടെയുമൊരിടമില്ലാതെ ആശങ്കകളില്‍ നീങ്ങുകയാണ് മേഘങ്ങള്‍. കടലിനുമുകളില്‍ അപ്പൂപ്പന്‍ താടികള്‍. അവിടെ പാറിനടന്ന് അവ കൈവശപ്പെടുത്തിയിരുന്നെങ്കില്‍...
ശരിക്കും അസ്വസ്ഥമാണ് മനസ്സ്. അലസമായി എവിടെയൊക്കെയോ യാത്രചെയ്യുകയാണ്. കത്തെടുത്ത് വായിച്ചാലോ? കൃഷ്ണനുണ്ണി കാണാതെ വായിക്കാനാവില്ല.
ഇല്ല ഒന്നും ചെയ്യാനില്ല.
ട്രേയുമായി എയര്‍ ഹോസ്റ്റസ് വരുന്നുണ്ട്. ഒരുസ്വാദുമില്ലാത്ത ടിഫിന്‍ മല്യമുതലാളി ഒരുകേ#്കിയിട്ടുണ്ടാവും? മല്യക്കുവേണ്ടി യാത്രക്കാരോട് മന്ദഹാസം പൊഴിക്കുന്ന എയര്‍ ഹോസ്റ്റസിനോട് സഹതാപം തോന്നി. വെറുതെ. വെറുതെ കൊടുക്കാനാവുന്ന ഒരേയൊരു കാര്യമാണ് സഹതാപം. ആകാശത്തിലിരുന്ന് ഭൂമിയെയും കടലിനെയും കാണുന്നപോലെയല്ല, ഭൂമിയില്‍ കടലിനുനടുവിലൊരു ചെറുദ്വീപിലിരുന്ന് ആകാശത്തെയും മേഘങ്ങളെയും കടലിനെയും നോക്കുന്നത്.
നോക്കിക്കൊണ്ടിരിക്കെ ഹൃദയം നിറയും. കടല്‍ മുഴുവനായി മനസ്സിലേക്ക് കടന്നുവരും. പിന്നെ പാടാതെ വയ്യ. പാടാന്‍ പറ്റിയ ശബ്ദമല്ല അയാളുടേത്. അതുകൊണ്ട് അയാള്‍ കവിതകളെഴുതുന്നു. വാര്‍ന്നു വീഴുന്ന കഴിതയുടെ വരികള്‍ ഏതോമാലാഖമാര്‍ എടുത്തുകൊണ്ടു പോവുന്നു.  അവര്‍ അത് പക്ഷികള്‍ക്ക് കൊടുക്കുന്നു. നിബിഡമായ വൃക്ഷസമൂഹത്തിലെവിടെയോ പക്ഷികള്‍ ആ പാട്ടുകള്‍ പാടുന്നു.
വട്ടു തന്നെ.യാണ് അല്ലേ?
ദ്വീപിലിരുന്ന് അന്യോന്യം ചാരിയിരുന്ന് അവള്‍ ചോദിച്ചിട്ടുണ്ട്. ശരിക്കും വട്ട് തന്നെയാണ്. പഠനവും പ്രണയവും എല്ലാം വട്ട് തന്നെയാണ്.
പഠനം രസകരമാക്കാനൊരുവിദ്യ ഞാന്‍ പറയട്ടേ?
പറഞ്ഞുനോക്ക്.
അങ്ങിനെയാണ് ദ്വീപില്‍ പോയിരുന്ന് പഠിക്കുന്ന ആശയമുണ്ടായത്.
ആരൊക്കെയുണ്ടാവും.
ആര്‍ക്കും വരാം.
കടലിലൂടെ നടന്നുപോവണം. വേലിയിറക്കമുള്ളപ്പോള്‍. എപ്പോഴാണ് വേലിയേറ്റമെന്ന് പറയാനാവില്ല. പലരും ഒഴിഞ്ഞു. പുരുഷോത്തമന്‍ വരുമെന്നായിരുന്നു കരുതിയത്. തന്റേടി. പക്ഷേ, പുരുഷോത്തമന്‍ ഒഴിഞ്ഞു.
ഞാനെന്തായാലും പോവുന്നു.
നടന്നു. പതിയെ നടന്നു. മണല്‍ ത്തരികള്‍ക്ക് നൊന്തുകൂടാ. കടല്‍ മയങ്ങിക്കിടപ്പാണ്. അഴിമുഖത്ത് വലിയ വെള്ളമില്ല. ദ്വീപിലേക്കുള്ള കടല്‍പ്പാതയില്‍ തീരെ വെള്ളമില്ല. പുസ്തകങ്ങളടങ്ങിയ ഒരു സഞ്ചിമാത്രമാണ് കൈയില്‍ കടല്‍പ്പാത പകുതി കടന്നപ്പോഴാണ് ഓര്‍ത്തത്, കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ആഹാരമോ കരുതിയിട്ടില്ല. ഇളനീര്‍ ഉണ്ടാവും. തീപ്പെട്ടിയോ മെഴുകുതിരിയോ കരുതിയിട്ടില്ല. കാറ്റുണ്ടെങ്കില്‍ കെടാതെ കത്തുന്ന വിളക്കില്ല. തിരിഞ്ഞുനടക്കുന്നു.
കുറച്ച് നടന്ന് തലയുയര്‍ത്തിയപ്പോള്‍ അവള്‍. ഒരു ബാഗ് താങ്ങിപ്പിടിച്ച് മുന്നില്‍ നില്ക്കുന്നു. അത്ഭുതപ്പെട്ട് അവന്‍ ബാഗ് വാങ്ങി നടന്നു തുടങ്ങി.
ദ്വീപ് അല്പം ഉയരത്തിലാണ്, ഒരു കുന്ന്. ബാഗ് താങ്ങിപ്പിടിച്ച് കുന്ന് കയറിക്കഴിയുമ്പോള്‍ അവന്‍ ക്ഷീണിച്ചുപോയിരുന്നുവോ?
ഇത്രയേ സ്റ്റാമിനയുള്ളു, അല്ലേ?
സ്റ്റാമിന പരിശോധിക്കാനാ പവിഴദ്വീപില്‍ വന്നത്?
പവിഴദ്വീപെന്നപേര് അങ്ങനെ മനസ്സില്‍ പതിഞ്ഞതാണ്. അവിടെ പവിഴവും മരതകവുമൊന്നുമില്ല. ഒരു കുന്ന്, കുറെമരങ്ങള്‍, പടര്‍പ്പുകള്‍, തെങ്ങുകള്‍, പനകള്‍.
എവിടെ നിന്നെന്നറിയാതെ ഉറന്നുവരുന്ന ജലം. ധാരയൊന്നുമില്ല. കുന്നിന്റെ ഉച്ചിയില്‍ ശൂന്യതയില്‍നിന്നെന്നപോലെ ഒരിടത്ത് ജലം ഉറവെടുക്കുന്നു. ഒരുകുഴലിലെന്നപോലെ ചാപമായി ഒഴുകുന്നു. മറ്റൊരിടത്തും വെള്ളമേയില്ല.
പടര്‍പ്പുകളിലെ പഴങ്ങള്‍ പറിച്ചുതിന്നാന്‍ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു
വേണ്ട മോനേ, അപകടമാവും.
അമ്മയാവുകയാണോ അവള്‍? അവന്‍ ഒരുപുസ്തകമെടുത്ത് നിവര്‍ത്തി. ചരിത്രം. ഇന്ത്യന്‍ നാവികയാനത്തിന്റെ ചരിത്രം. ഏത് ചാപ്റ്ററില്‍ തുടങ്ങണം? അവളോട് ചോദിച്ചാലോ?
അവളും തിരിഞ്ഞിരുന്ന് വായിക്കുകയാണ്. പാവം, ഒറ്റയ്ക്കായിപ്പോവുന്നതിന് കൂട്ട് വന്നിരിക്കുകയാണ്. വൈകുന്നേരമാവുമ്പോള്‍ തിരിച്ചുപോവാം.
വെയില്‍ കടന്നുവരുന്ന സുഷിരങ്ങള്‍ക്ക് എന്തുസംഭവിച്ചുവെന്ന് അവന്‍ മേലോട്ട് നോക്കി. ആകാശം മേഘാവൃതമാവുന്നു. ഒരു കാറ്റ് വീശുന്നുണ്ട്. അവളുടെ നേരെ നോക്കിയപ്പോള്‍ പാറിയുലയുന്ന സാരിത്തുമ്പ് നേരെയാക്കിക്കൊണ്ട് വായനയില്‍ ലയിച്ചിരിക്കുകയാണ് അവള്‍. പടര്‍പ്പുകള്‍ അവന്റെ കഴുത്തിലേക്ക് നീണ്ടുവരുന്നുണ്ട്. അവള്‍ തലമുടി ഒതുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വായനയില്‍ നിന്ന് കണ്ണെടുത്തിട്ടില്ല. ഇവിടെ എങ്ങിനെ പഠനം വിനോദമാവും?
അപ്പോഴാണ് ചോദ്യമുപയരുന്നത്.
നീ പഠിക്കുകയാണോ, എന്നെ വായിക്കുകയാണോ?
്‌നിന്നെ വായിക്കാനോ, നിന്നിലെന്താണ് പഠിക്കാനുള്ളത്?
നീയൊരു മഠയനാണെന്ന് നന്നായി പഠിക്കാം.
അവള്‍ തിരിഞ്ഞു.
നിനക്കൊരുവിചാരമുണ്ട്, നീവലിയ പഠിത്തക്കാരനാന്ന്, നേതാവാണെന്ന്, സദാചാരക്കാരനാന്ന്.
ഇത് പറയുമ്പോള്‍ അവള്‍ കിതച്ചുവോ?
ഒരുകാറ്റ് വീശി. ഒന്ന് തഴുകി ക്കടന്നുപോവുന്നു.  തൂശിയേറ്റതുപോലെ ശരീരം കോച്ചിപ്പോവുന്നു.
എവിടെയോ മഴ പെയ്തുതുടങ്ങിയിട്ടുണ്ട്. കാറ്റിന് തണുപ്പേറുന്നു. ശൈത്യം ഒരു ഭീകരതയായി മാറുന്നുണ്ട്.
ഒരുവാക്ക് പറയാന്‍ തുടങ്ങുമ്പോള്‍ ട്രേയുമായി മുന്നില്‍ എയര്‍ ഹോസ്റ്റസ്. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ബണ്‍ സാന്റ് വിച്ച്. അതിനോട് ചേര്‍ത്ത് ഒരു വെള്ള ഫ്‌ലൂയിഡ്. അറപ്പ് തോന്നുന്ന ആഹാരം.
പിന്നില്‍ ഫീഡ് ബാക്കിനുള്ള ഫോര്‍മാറ്റുമായി രണ്ടാം പറവ. കീറിക്കളയുമ്പോള്‍ കൃഷ്ണനുണ്ണി ചോദിക്കുന്നു:
അതൊന്ന് പൂരിപ്പിച്ചുകൊടുത്തൂടേ?
അയാളതു കീറിക്കളയുന്നത് കണ്ടതാണ്.
ഈ അഭിപ്രായങ്ങള്‍ക്ക് പുറത്തല്ലേ മല്യയുടെ സാമ്രാജ്യം പടുത്തുയര്‍ത്തുന്നത്!സാന്റ് വിച്ച് എങ്ങിനെയോ അകത്താക്കിടിഷ്യൂകൊണ്ട് കൈകള്‍ തുടച്ചു. ചുണ്ടിലെ അവശിഷ്ടങ്ങള്‍ തുടക്കാന്‍ കൃഷ്ണനുണ്ണി ആംഗ്യം കാണിച്ചു.
വിമാനം ലാന്റ് ചെയ്യാന്‍ തുടങ്ങുന്നു കടല്‍ ചുരുങ്ങി വരുന്നു. ഭൂമിയുടെ തുണ്ടുകള്‍ കാണാവുന്നു.
മെഴുതിരിക്കും വിളക്കിനും ജ്വലിക്കാനാവാത്ത വിമൂകമായ അന്തരീക്ഷത്തില്‍ അന്യോന്യം താങ്ങായി വന്യമായ രാത്രികള്‍, നിസ്സഹായമായ പകലുകള്‍. കടല്‍പ്പാത നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പുരുഷോത്തമന്‍ സഹപാഠികളുമായി വന്ന് രണ്ടുപേരെയും പവിഴദ്വീപില്‍നിന്ന് എടുത്തുകൊണ്ടുപോവുന്നു. കനത്തമഴയിലും കാറ്റിലും രണ്ടു ദിവസം അന്യോന്യം വരിഞ്ഞ് മുറുകി ..........
ആരും ഒന്നും പറയുകയുണ്ടായില്ല. എവിടെയും ഒരു ദുസ്സൂചനയുമില്ല.
വീനസ് തിയറ്ററിള്‍ സെക്കന്റ് ഷോ കണ്ടു കൊണ്ടിരിക്കെ ആള്‍ കുറഞ്ഞ കൊട്ടകയില്‍ ഒഴിഞ്ഞ സീറ്റില്‍ കടന്നിരുന്ന്, ഒരാള്‍ പറയുന്നു.
ഇതിന് നിന്നോട് ഞാന്‍ പകരം ചെയ്യും.
കൊട്ടകയുടെ നേര്‍ത്തരണ്ട വെളിച്ചത്തില്‍ തുടുത്തമുഖം വ്യക്തമാവുന്നു.
രാംഗോപാല്‍?
അതെ, രാംഗോപാല്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷവിദ്യാര്‍ത്ഥി. മറ്റെവിടെയോ ആണയാളുടെ സ്ഥലം.
ലാന്റിങ്ങ് അനൗണ്‍സ്‌മെന്റിന്റെ ശ്രുതിയില്‍ ഓര്‍മ്മകള്‍ അകന്നുപോവുന്നു.
പുറത്തേക്ക് നടക്കുമ്പോള്‍ കവറത്തിയിലേക്കുള്ള ഹെലികോപ്ടര്‍ ഉയര്‍ന്നു പൊങ്ങുന്നു. ഇനിയും കാത്തിരിക്കണം.
ഈ മുറിയിലിരുന്നോളൂ, ദ്വീപ് ഭരണത്തിന്റെ പ്രത്#ിനിധിയായി വന്ന അന്‍സാരി മാസ്റ്റര്‍ ഉപദേശിച്ചു. അദ്ദേഹം തിരക്കുകളുള്ള ഒരാളാണെന്ന് തോന്നു.
അഗത്തിഎയര്‍പോര്‍ട്ടിന്‍ പിന്നിലും മുന്നിലുമെല്ലാം കടും നീല കടല്‍. കടല്‍.... ദൂരെ റീഫുകള്‍. അരാവലി പര്‍വ്വതത്തിന്റെ കീഴരികുകള്‍. റീഫുകളില്‍ തട്ടിയുരുത്തിരിയുന്ന വെള്ളിത്തിരകള്‍.
ഒരുവലക്കാരന്‍ വലയില്‍ മീനുമായി എയര്‍പോര്‍ട്ടിനുപിന്നിലെ വേലിക്കപ്പുറം. വലിയ മൂന്ന് ആവോലികള്‍.
കണ്ടലുകള്‍ക്കപ്പുറം കടപ്പുറത്തെ വെളുത്ത തരിമണലില്‍ ആവോലികള്‍ പിടയുന്നു.
ഹെലികോപ്ടറിന്റെ ശബ്ദം.
ആകാശസ്വപ്നത്തിനുള്ള സമയമായി, റെഡിയായിക്കൊള്ളുക.
ഇയാള്‍, കൃഷ്ണനുണ്ണി കവിത പറയുമോ?  കവിത ആരുടെയെങ്കിലും കുത്തകയാണോ? ബാഗും ലാപ്‌ടോപ്പുമായി ഹെലിപാഡിലേക്ക് നടന്നു.

നോവല്‍=====--- കടല്‍




അദ്ധ്യായം- 1

കടലിലേക്ക് കടക്കുകയാണ്. പരിവാരമുണ്ട്. ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍. സഹയാത്രികരുടെ മുഖത്ത് ആശങ്കയുടെ നിഴലുകള്‍.
കടല്‍ മുന്നില്‍ പരന്നു കിടപ്പുണ്ട്. വെസല്‍ എത്തിയിട്ടില്ല.
ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്‍ ഭക്ഷണപ്പൊതി യുമായിവന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്.
ചൂരയല്ലാതെ ഒന്നും കിട്ടിയില്ലേ?
ചിക്കന്‍ കിട്ടുമോ യെന്ന് നോക്കമായിരുന്നില്ലേ?
അലസനായ യുവാവ് ഒന്നുമറിയാത്തപോലെ മന്ദിച്ചുനിന്നു.
ജെട്ടിയില്‍ എപ്പോഴുമെന്നപോലെ ആളുകള്‍ നുരിയുന്നുണ്ട്. ആലസ്യമാണ് എല്ലാവരുടേയും മുഖത്ത്.
സന്ധ്യകഴിയുന്നതോടെ പുറപ്പെടാമെന്ന് എല്ലാവരും കരുതി. സന്ധ്യ ആയോഎന്ന് ആരോ ചോദിച്ചു:
കരിച്ച ബന്ന് പെട്ടിനാ? ഏതാണ്ട് ഇതേ മാതിരി ഒരു ചോദ്യം. അപ്പോഴാണ് കൂട്ടത്തില്‍പ്രായമേറിയൊരാള്‍ പറയുന്നത്.
പോയി നോക്കെടാ മൊയ്തുപ്പ പോയോന്ന്.
ജെട്ടിക്കപ്പുറം ചൂണ്ടയിട്ടുകൊണ്ടിരുന്ന മൊയ്തുപ്പ എഴുന്നേറ്റുപോയോ? അതാണ് ചോദ്യം. മൊയ്തുപ്പ കരിച്ച പടരുമ്പോഴാണ് ചൂണ്ട മടക്കി എഴുന്നേറ്റുപോവുക. പ്രഭാതം പൊട്ടിവിടരുമ്പോള്‍ കടപ്പുറത്ത് വരും. ചൂണ്ടയിടും. നട്ടുച്ചയാവുമ്പോള്‍ കിട്ടിയ മീന്‍ ചുട്ട് തിന്നും. കടല്‍ വെള്ളം കുടിക്കും. നല്ല പോഷകമുള്ള ജലം. പവിഴങ്ങളുടെ ജൈവാംശങ്ങള്‍ നിറഞ്ഞ ലവണജലം. ക്ഷീണമുണ്ടാവില്ല. നല്ല പുഷ്ടിപ്പുമുണ്ടാവും.
മൊയ്തുപ്പ പോയോ എന്ന് ആരും ചെന്ന് നോക്കിയില്ല.
ഇവിടെ ആരും ഒന്നും ചെയ്യുന്നില്ല. കാര്യങ്ങള്‍ സ്വയമേവസംഭവിക്കുന്നു.
യാത്രക്കാരന്‍ വെറുതെ മന്ദഹസിച്ചു. സഹയാത്രികരില്‍ ഒരാള്‍ തന്നെ  നോക്കിയിരിപ്പുണ്ട്. അവസാനനിമിഷമെങ്കിലും ഇന്നത്തെ ഈ യാത്ര മാറ്റിവെയ്ക്കാനാവുമോ എന്നാണ് അയാളുടെ നോട്ടത്തിനര്‍ത്ഥം. അയാളുടെ ആവേശമെല്ലാം തണുത്തു. അല്ലെങ്കിലും ദ്വീപില്‍ ആവേശമൊന്നുമില്ല. അയാള്‍ ചോദിച്ചിരുന്നു:
എന്താധൃതി? നാളെ പോയാല്‍ മതിയാവില്ലേ?
ഇല്ല, നിങ്ങള്‍ നാളെ വന്നോളൂ.
ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ നോക്കി. ആ നോട്ടത്തില്‍ അപേക്ഷയുണ്ടായിരുന്നു. ഇനിയും നീട്ടിവെയ്ക്കരുതേ. ആരെങ്കിലും ഒരുനാള്‍ കൂടി തങ്ങുകയെന്നാല്‍ തുടര്‍ന്ന ഉത്തരവാദിത്തമാണ്. സഹയാത്രികന് സ്വന്തമായി ദ്വീപില്‍ എവിടെയെങ്കിലും നില്ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.
അയാളുടെ തീരുമാനങ്ങള്‍, അയാളുടെ തെരഞ്ഞെടുപ്പുകള്‍. ദ്വീപില്‍ തെരഞ്ഞെടുപ്പുകളുടെ ആവശ്യമേയില്ല ആര്‍ക്കും. ദ്വീപിന്റെ ഓപ്ഷനുകള്‍ പരിമിതം. അവിടെ ഔദ്യോഗികമൃഗം ഒരു മത്സ്യമാണ്. പക്കിക്കദിയ. കുറെ ആടുകളെ കണ്ടിട്ടുണ്ട്. കൂട്ടുകാരന്‍ എന്താണ് ദ്വീപിലെ ഔദ്യോഗികമൃഗമെന്ന് ഒരു ക്വിസ്മാസ്റ്ററുടെ മന്ദഹാസത്തോടെ ചോദിച്ചപ്പോള്‍ പറഞ്ഞു:
' ആട്'
അവിടെ തെറ്റിയപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു:
'ഔദ്യോഗികവൃക്ഷം?'
ഒരുനിമിഷമാലോചിച്ച് മറുപടി പറഞ്ഞു:
' കണ്ടല്‍'
അതും തെറ്റി. കടച്ചക്ക. ഇനി ചോദ്യങ്ങളുണ്ടാവരുതേയെന്നായിരുന്നുപ്രാര്‍ത്ഥന. ഫലിച്ചു. കൂട്ടുകാരന്‍ പിന്നെ ചോദിച്ചില്ല.
കടല്‍ സൗമ്യമാണ്. യാനപാത്രം വന്നടുത്തപ്പോള്‍ ഞെട്ടി. ഇങ്ങനെയാണെങ്കില്‍ കോളേജിലെ പ്രശ്‌നം കഴിയാതെ പോവാമായിരുന്നു.  ഉച്ചയ്ക്ക് സ്പീഡ് വെസലുണ്ടായിരുന്നു. ഒന്നരമണിക്കൂര്‍കൊണ്ട് കവറത്തിയിലെത്തും. സൗമ്യഭാവം എപ്പോഴും കൈവിടാം , കടല്‍.
ചിത്രകാരനായ കെമിസ്ഠ്രി പ്രഫസര്‍ പവിഴങ്ങള്‍ കണ്ട രസം വിവരിക്കുന്നുണ്ട്. പവിഴക്കാടുകള്‍ രസം തന്നെയാണ്. ഗ്ലാസ് ബോട്ടിലായിരുന്നു കാഴ്ച. പവിഴമലകളില്‍ മുട്ടുമെന്ന് തോന്നും. പച്ചയും നീലയും ബഹുവര്‍ണവുമായ മീന്‍കുലപ്പുകളുടെ ഘോഷയാത്രകളാണ് പവിഴക്കടലില്‍. സസ്യങ്ങള്‍ കുലച്ചതുപോലെ പവിഴങ്ങള്‍. ബോട്ട് ഓടിക്കുന്നയുവാവ് കോഴിക്കോട് പോളിടെക്‌നിക്കില്‍ പഠിക്കുന്നു. സഹായി കോഴിക്കോട് പ്ലസ്ടൂവിനും. അറുനൂറുറുപ്പികയ്ക്ക് ആറുപേരെ ഒന്നരമണിക്കൂര്‍നേരം റീഫുകള്‍വരെയും തിരിച്ചും പിന്നെ വേറൊരു റീഫ് വരെയും .... അങ്ങനെ രസകരമായയാത്ര.
പവിഴങ്ങള്‍ക്കടിയില്‍ കടല്‍ജെട്ടിയുണ്ട്.  ആഴ്ന്നുപോവുന്നുണ്ടാവാം. കടലിനടിയില്‍ പര്‍വ്വതങ്ങളുണ്ടാവാം. മെര്‍മെയ്ഡുകളുണ്ടാവാം. മത്സ്യകന്യകള്‍. കടല്‍ക്കൊട്ടാരങ്ങള്‍ നിറയെ പവിഴാലംകൃതമാവാം.
കരയ്ക്കിറങ്ങിയാല്‍ നേര്‍ത്ത പഞ്ചാരമണല്‍. ശരിക്കും മൃദുലമായി പൊടിഞ്ഞ മണല്‍. നിറയെ കണ്ടലുകള്‍. തെങ്ങ്. ഇവിടെ ആരും ഒന്നും വെച്ചുണ്ടാക്കുന്നില്ല. തെങ്ങുകള്‍ തനിയെ ഉണ്ടാവുകയാണ്. ആരും വളമൊന്നും ചെയ്യുന്നില്ല. നിരനിരയായി തെങ്ങുകള്‍ നിറഞ്ഞുനില്ക്കുന്നു. നാളീകേരം പുരയിടങ്ങളില്‍ വീണുകിടക്കുന്നു.
ദ്വീപ് നീണ്ടു കിടക്കുകയാണ്. എലിയുടെ രൂപം. ഒരുവാല്. അല്പം തടിച്ചശരീരം. അവിടെജെട്ടിയുണ്ട്, ഹാര്‍ബറുണ്ട്. സ്പീഡ് വെസലുണ്ട്, കപ്പലുണ്ട്. സ്പീട് വെസലില്‍ കടമത്ത് എത്തിയപ്പോള്‍ കോളേജിന്റെ ഓമ്‌നി വാന്‍ കാത്തിരിക്കുകയാണ്. പ്രിന്‍സിപ്പാള്‍ ഉണ്ട് . അറുപതിനടുത്തപ്രായം. ദ്വീപിലെ പ്രായം ഡിസപ്റ്റീവാണെന്ന് സല്‍മപറഞ്ഞതോര്‍ത്തു. വൃദ്ധനായി കാണുന്ന ആള്‍ യുവാവാകാം. യുവാവായി നില്ക്കുന്ന മനുഷ്യന്‍ വൃദ്ധനുമാവാം. ഓഫീസര്‍ ഇന്‍ ചാര്‍ജുണ്ട്. അദ്ധ്യാപകരുണ്ട്, വിദ്യാര്‍ത്ഥികളുണ്ട്. അദ്ധ്യാപകരക്ഷാകര്‍ത്ത്ൃപ്രതിനിധികളുണ്ട്. ദ്വീപ്ഭരരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനുണ്ട്. സബ്ഡിവിഷനല്‍ ഓഫീസര്‍.
ചെറുപ്പമാണ് എസ്. ഡി. ഓ. യുവത്വത്തിന്റെ ചുറുചുറുക്കുണ്ട്.
ദ്വീപിനെ, പക്ഷേ, ഒരുസംഘര്‍ഷം വലയം ചെയ്തിരിക്കുന്നു.
എസ്. ഡി. ഓ. വിനു ചുറ്റും വിദ്യാര്‍ത്ഥികളാണ്.
അയാളത് ഇഷ്ടപ്പെടുന്നുവെന്ന് തോന്നുന്നു.
പരിഹരിക്കാനാവാത്തപ്രശ്‌നമില്ലെന്നാണ് യോഗത്തില്‍ പറഞ്ഞിരുന്നത്. ആ വാക്കുകളിലാണ് എസ്. ഡി. ഓ.  കയറിപ്പിടിച്ചത്.
' നമുക്കിത് പരിഹരിച്ചതിന് ശേഷം പോവാം സര്‍'
' പക്ഷേ, വെസല്‍...'
'വാഹനം ഞാന്‍ ഏര്‍പ്പാടാക്കിത്തരാം സര്‍'
അയാളുടെ വാക്കുകളില്‍ ആത്മവിശ്വാസം. നാളെ കവറത്തിയല്‍ ഔപചാരികമായ സംഭാഷണങ്ങളുണ്ട്. ഈ കോളേജുകള്‍ ഇങ്ങനെ നിലനിര്‍ത്താനാവില്ല.  ഔപചാരികമായ സംഭാഷണങ്ങള്‍ വഴി ദ്വ്വീപ് ഭരണവിഭാഗത്തെ കോളേജ് ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം.
സഹപ്രവര്‍ത്തകരില്‍ ചിലര്‍ എതിര്‍ത്തിട്ടും വൈകുന്നതുവരെ കടമത്ത് തങ്ങുവാന്‍ തീരുമാനിച്ചു. ജീവന്‍ എല്ലാപിന്തുണയും നല്കി.
' സ്പീഡ് വെസല്‍ ഇല്ല'
ആലോചനയില്‍ നിന്നുണര്‍ന്നു. പിന്നെങ്ങനെ പോവും? പോവാതിരിക്കാന്‍ പറ്റില്ല. ജെട്ടിയിലും ഹാര്‍ബറിലും ആളുകള്‍ കറങ്ങുന്നുണ്ട്. കടലില്‍ ഇരമ്പമൊന്നുമില്ല. അല്പം അകലെ റീഫില്‍ നിന്ന് മാത്രം തിരകള്‍ തല്ലിയുടയുന്നത് കാണാം. അലകള്‍ പതിയെ കരയിലേക്ക് വരികയും വലിയ ഇഷ്ടമില്ലാതെ വീണ്ടും കടലിലേക്ക് തന്നെ പോവുകയും ചെയ്യുന്നുണ്ട്.
ധൃതിയില്‍ നടന്നുവന്ന ഒരാള്‍ എസ്. ഡി. ഓ. വിനെ വിളിച്ച് സ്വകാര്യമായി സംസാരിക്കുന്നുണ്ട്. സഫീര്‍ അയാളുടെ അടുത്ത് ചെന്നു സംസാരിക്കുന്നുണ്ട്.
' പകരം ഒരു മോട്ടോര്‍ ബോട്ട് ഏര്‍പ്പാടാക്കാം സര്‍' എസ്. ഡി. ഓ. പറഞ്ഞു
' കൂടെ ഒരുപയലറ്റ് ബോട്ടും'
 സഹയാത്രികരില്‍ ചിലരുടെ മുഖം വിവര്‍ണമായി. വേണ്ടസര്‍ എന്ന യാചനയോടെയാവണം അവര്‍ അയാളെ തന്നെ നോക്കി.
പോവാതെ നിവൃത്തിയില്ല.  ഔപചാരികയോഗം മാത്രമല്ല.
പ്രഫസര്‍ കൃഷ്ണനുണ്ണി പറഞ്ഞു:
'ഒരു ത്രില്‍. പോവാം നമുക്ക്'
സഫീര്‍ വളരെ സന്തോഷത്തോടെ തിരിച്ചുവന്നു. ബോട്ടില്‍ കടല്‍ യാത്രചെയ്യുന്നതിന്റെ ഉത്സാഹത്തിലാണ്.  രാവിലെ സ്പീഡ് വെസലില്‍ ഛര്‍ദ്ദിച്ചയാളാണ്. ഈ യുവാക്കളുടെയൊരുകാര്യം.
പോവാന്‍ തീരുമാനമായപ്പോള്‍ ബോട്ട് ഒഴുകിയെത്തി.