Wednesday, October 31, 2012

നോവല്‍=====--- കടല്‍




അദ്ധ്യായം- 1

കടലിലേക്ക് കടക്കുകയാണ്. പരിവാരമുണ്ട്. ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍. സഹയാത്രികരുടെ മുഖത്ത് ആശങ്കയുടെ നിഴലുകള്‍.
കടല്‍ മുന്നില്‍ പരന്നു കിടപ്പുണ്ട്. വെസല്‍ എത്തിയിട്ടില്ല.
ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്‍ ഭക്ഷണപ്പൊതി യുമായിവന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്.
ചൂരയല്ലാതെ ഒന്നും കിട്ടിയില്ലേ?
ചിക്കന്‍ കിട്ടുമോ യെന്ന് നോക്കമായിരുന്നില്ലേ?
അലസനായ യുവാവ് ഒന്നുമറിയാത്തപോലെ മന്ദിച്ചുനിന്നു.
ജെട്ടിയില്‍ എപ്പോഴുമെന്നപോലെ ആളുകള്‍ നുരിയുന്നുണ്ട്. ആലസ്യമാണ് എല്ലാവരുടേയും മുഖത്ത്.
സന്ധ്യകഴിയുന്നതോടെ പുറപ്പെടാമെന്ന് എല്ലാവരും കരുതി. സന്ധ്യ ആയോഎന്ന് ആരോ ചോദിച്ചു:
കരിച്ച ബന്ന് പെട്ടിനാ? ഏതാണ്ട് ഇതേ മാതിരി ഒരു ചോദ്യം. അപ്പോഴാണ് കൂട്ടത്തില്‍പ്രായമേറിയൊരാള്‍ പറയുന്നത്.
പോയി നോക്കെടാ മൊയ്തുപ്പ പോയോന്ന്.
ജെട്ടിക്കപ്പുറം ചൂണ്ടയിട്ടുകൊണ്ടിരുന്ന മൊയ്തുപ്പ എഴുന്നേറ്റുപോയോ? അതാണ് ചോദ്യം. മൊയ്തുപ്പ കരിച്ച പടരുമ്പോഴാണ് ചൂണ്ട മടക്കി എഴുന്നേറ്റുപോവുക. പ്രഭാതം പൊട്ടിവിടരുമ്പോള്‍ കടപ്പുറത്ത് വരും. ചൂണ്ടയിടും. നട്ടുച്ചയാവുമ്പോള്‍ കിട്ടിയ മീന്‍ ചുട്ട് തിന്നും. കടല്‍ വെള്ളം കുടിക്കും. നല്ല പോഷകമുള്ള ജലം. പവിഴങ്ങളുടെ ജൈവാംശങ്ങള്‍ നിറഞ്ഞ ലവണജലം. ക്ഷീണമുണ്ടാവില്ല. നല്ല പുഷ്ടിപ്പുമുണ്ടാവും.
മൊയ്തുപ്പ പോയോ എന്ന് ആരും ചെന്ന് നോക്കിയില്ല.
ഇവിടെ ആരും ഒന്നും ചെയ്യുന്നില്ല. കാര്യങ്ങള്‍ സ്വയമേവസംഭവിക്കുന്നു.
യാത്രക്കാരന്‍ വെറുതെ മന്ദഹസിച്ചു. സഹയാത്രികരില്‍ ഒരാള്‍ തന്നെ  നോക്കിയിരിപ്പുണ്ട്. അവസാനനിമിഷമെങ്കിലും ഇന്നത്തെ ഈ യാത്ര മാറ്റിവെയ്ക്കാനാവുമോ എന്നാണ് അയാളുടെ നോട്ടത്തിനര്‍ത്ഥം. അയാളുടെ ആവേശമെല്ലാം തണുത്തു. അല്ലെങ്കിലും ദ്വീപില്‍ ആവേശമൊന്നുമില്ല. അയാള്‍ ചോദിച്ചിരുന്നു:
എന്താധൃതി? നാളെ പോയാല്‍ മതിയാവില്ലേ?
ഇല്ല, നിങ്ങള്‍ നാളെ വന്നോളൂ.
ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ നോക്കി. ആ നോട്ടത്തില്‍ അപേക്ഷയുണ്ടായിരുന്നു. ഇനിയും നീട്ടിവെയ്ക്കരുതേ. ആരെങ്കിലും ഒരുനാള്‍ കൂടി തങ്ങുകയെന്നാല്‍ തുടര്‍ന്ന ഉത്തരവാദിത്തമാണ്. സഹയാത്രികന് സ്വന്തമായി ദ്വീപില്‍ എവിടെയെങ്കിലും നില്ക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.
അയാളുടെ തീരുമാനങ്ങള്‍, അയാളുടെ തെരഞ്ഞെടുപ്പുകള്‍. ദ്വീപില്‍ തെരഞ്ഞെടുപ്പുകളുടെ ആവശ്യമേയില്ല ആര്‍ക്കും. ദ്വീപിന്റെ ഓപ്ഷനുകള്‍ പരിമിതം. അവിടെ ഔദ്യോഗികമൃഗം ഒരു മത്സ്യമാണ്. പക്കിക്കദിയ. കുറെ ആടുകളെ കണ്ടിട്ടുണ്ട്. കൂട്ടുകാരന്‍ എന്താണ് ദ്വീപിലെ ഔദ്യോഗികമൃഗമെന്ന് ഒരു ക്വിസ്മാസ്റ്ററുടെ മന്ദഹാസത്തോടെ ചോദിച്ചപ്പോള്‍ പറഞ്ഞു:
' ആട്'
അവിടെ തെറ്റിയപ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു:
'ഔദ്യോഗികവൃക്ഷം?'
ഒരുനിമിഷമാലോചിച്ച് മറുപടി പറഞ്ഞു:
' കണ്ടല്‍'
അതും തെറ്റി. കടച്ചക്ക. ഇനി ചോദ്യങ്ങളുണ്ടാവരുതേയെന്നായിരുന്നുപ്രാര്‍ത്ഥന. ഫലിച്ചു. കൂട്ടുകാരന്‍ പിന്നെ ചോദിച്ചില്ല.
കടല്‍ സൗമ്യമാണ്. യാനപാത്രം വന്നടുത്തപ്പോള്‍ ഞെട്ടി. ഇങ്ങനെയാണെങ്കില്‍ കോളേജിലെ പ്രശ്‌നം കഴിയാതെ പോവാമായിരുന്നു.  ഉച്ചയ്ക്ക് സ്പീഡ് വെസലുണ്ടായിരുന്നു. ഒന്നരമണിക്കൂര്‍കൊണ്ട് കവറത്തിയിലെത്തും. സൗമ്യഭാവം എപ്പോഴും കൈവിടാം , കടല്‍.
ചിത്രകാരനായ കെമിസ്ഠ്രി പ്രഫസര്‍ പവിഴങ്ങള്‍ കണ്ട രസം വിവരിക്കുന്നുണ്ട്. പവിഴക്കാടുകള്‍ രസം തന്നെയാണ്. ഗ്ലാസ് ബോട്ടിലായിരുന്നു കാഴ്ച. പവിഴമലകളില്‍ മുട്ടുമെന്ന് തോന്നും. പച്ചയും നീലയും ബഹുവര്‍ണവുമായ മീന്‍കുലപ്പുകളുടെ ഘോഷയാത്രകളാണ് പവിഴക്കടലില്‍. സസ്യങ്ങള്‍ കുലച്ചതുപോലെ പവിഴങ്ങള്‍. ബോട്ട് ഓടിക്കുന്നയുവാവ് കോഴിക്കോട് പോളിടെക്‌നിക്കില്‍ പഠിക്കുന്നു. സഹായി കോഴിക്കോട് പ്ലസ്ടൂവിനും. അറുനൂറുറുപ്പികയ്ക്ക് ആറുപേരെ ഒന്നരമണിക്കൂര്‍നേരം റീഫുകള്‍വരെയും തിരിച്ചും പിന്നെ വേറൊരു റീഫ് വരെയും .... അങ്ങനെ രസകരമായയാത്ര.
പവിഴങ്ങള്‍ക്കടിയില്‍ കടല്‍ജെട്ടിയുണ്ട്.  ആഴ്ന്നുപോവുന്നുണ്ടാവാം. കടലിനടിയില്‍ പര്‍വ്വതങ്ങളുണ്ടാവാം. മെര്‍മെയ്ഡുകളുണ്ടാവാം. മത്സ്യകന്യകള്‍. കടല്‍ക്കൊട്ടാരങ്ങള്‍ നിറയെ പവിഴാലംകൃതമാവാം.
കരയ്ക്കിറങ്ങിയാല്‍ നേര്‍ത്ത പഞ്ചാരമണല്‍. ശരിക്കും മൃദുലമായി പൊടിഞ്ഞ മണല്‍. നിറയെ കണ്ടലുകള്‍. തെങ്ങ്. ഇവിടെ ആരും ഒന്നും വെച്ചുണ്ടാക്കുന്നില്ല. തെങ്ങുകള്‍ തനിയെ ഉണ്ടാവുകയാണ്. ആരും വളമൊന്നും ചെയ്യുന്നില്ല. നിരനിരയായി തെങ്ങുകള്‍ നിറഞ്ഞുനില്ക്കുന്നു. നാളീകേരം പുരയിടങ്ങളില്‍ വീണുകിടക്കുന്നു.
ദ്വീപ് നീണ്ടു കിടക്കുകയാണ്. എലിയുടെ രൂപം. ഒരുവാല്. അല്പം തടിച്ചശരീരം. അവിടെജെട്ടിയുണ്ട്, ഹാര്‍ബറുണ്ട്. സ്പീഡ് വെസലുണ്ട്, കപ്പലുണ്ട്. സ്പീട് വെസലില്‍ കടമത്ത് എത്തിയപ്പോള്‍ കോളേജിന്റെ ഓമ്‌നി വാന്‍ കാത്തിരിക്കുകയാണ്. പ്രിന്‍സിപ്പാള്‍ ഉണ്ട് . അറുപതിനടുത്തപ്രായം. ദ്വീപിലെ പ്രായം ഡിസപ്റ്റീവാണെന്ന് സല്‍മപറഞ്ഞതോര്‍ത്തു. വൃദ്ധനായി കാണുന്ന ആള്‍ യുവാവാകാം. യുവാവായി നില്ക്കുന്ന മനുഷ്യന്‍ വൃദ്ധനുമാവാം. ഓഫീസര്‍ ഇന്‍ ചാര്‍ജുണ്ട്. അദ്ധ്യാപകരുണ്ട്, വിദ്യാര്‍ത്ഥികളുണ്ട്. അദ്ധ്യാപകരക്ഷാകര്‍ത്ത്ൃപ്രതിനിധികളുണ്ട്. ദ്വീപ്ഭരരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനുണ്ട്. സബ്ഡിവിഷനല്‍ ഓഫീസര്‍.
ചെറുപ്പമാണ് എസ്. ഡി. ഓ. യുവത്വത്തിന്റെ ചുറുചുറുക്കുണ്ട്.
ദ്വീപിനെ, പക്ഷേ, ഒരുസംഘര്‍ഷം വലയം ചെയ്തിരിക്കുന്നു.
എസ്. ഡി. ഓ. വിനു ചുറ്റും വിദ്യാര്‍ത്ഥികളാണ്.
അയാളത് ഇഷ്ടപ്പെടുന്നുവെന്ന് തോന്നുന്നു.
പരിഹരിക്കാനാവാത്തപ്രശ്‌നമില്ലെന്നാണ് യോഗത്തില്‍ പറഞ്ഞിരുന്നത്. ആ വാക്കുകളിലാണ് എസ്. ഡി. ഓ.  കയറിപ്പിടിച്ചത്.
' നമുക്കിത് പരിഹരിച്ചതിന് ശേഷം പോവാം സര്‍'
' പക്ഷേ, വെസല്‍...'
'വാഹനം ഞാന്‍ ഏര്‍പ്പാടാക്കിത്തരാം സര്‍'
അയാളുടെ വാക്കുകളില്‍ ആത്മവിശ്വാസം. നാളെ കവറത്തിയല്‍ ഔപചാരികമായ സംഭാഷണങ്ങളുണ്ട്. ഈ കോളേജുകള്‍ ഇങ്ങനെ നിലനിര്‍ത്താനാവില്ല.  ഔപചാരികമായ സംഭാഷണങ്ങള്‍ വഴി ദ്വ്വീപ് ഭരണവിഭാഗത്തെ കോളേജ് ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണം.
സഹപ്രവര്‍ത്തകരില്‍ ചിലര്‍ എതിര്‍ത്തിട്ടും വൈകുന്നതുവരെ കടമത്ത് തങ്ങുവാന്‍ തീരുമാനിച്ചു. ജീവന്‍ എല്ലാപിന്തുണയും നല്കി.
' സ്പീഡ് വെസല്‍ ഇല്ല'
ആലോചനയില്‍ നിന്നുണര്‍ന്നു. പിന്നെങ്ങനെ പോവും? പോവാതിരിക്കാന്‍ പറ്റില്ല. ജെട്ടിയിലും ഹാര്‍ബറിലും ആളുകള്‍ കറങ്ങുന്നുണ്ട്. കടലില്‍ ഇരമ്പമൊന്നുമില്ല. അല്പം അകലെ റീഫില്‍ നിന്ന് മാത്രം തിരകള്‍ തല്ലിയുടയുന്നത് കാണാം. അലകള്‍ പതിയെ കരയിലേക്ക് വരികയും വലിയ ഇഷ്ടമില്ലാതെ വീണ്ടും കടലിലേക്ക് തന്നെ പോവുകയും ചെയ്യുന്നുണ്ട്.
ധൃതിയില്‍ നടന്നുവന്ന ഒരാള്‍ എസ്. ഡി. ഓ. വിനെ വിളിച്ച് സ്വകാര്യമായി സംസാരിക്കുന്നുണ്ട്. സഫീര്‍ അയാളുടെ അടുത്ത് ചെന്നു സംസാരിക്കുന്നുണ്ട്.
' പകരം ഒരു മോട്ടോര്‍ ബോട്ട് ഏര്‍പ്പാടാക്കാം സര്‍' എസ്. ഡി. ഓ. പറഞ്ഞു
' കൂടെ ഒരുപയലറ്റ് ബോട്ടും'
 സഹയാത്രികരില്‍ ചിലരുടെ മുഖം വിവര്‍ണമായി. വേണ്ടസര്‍ എന്ന യാചനയോടെയാവണം അവര്‍ അയാളെ തന്നെ നോക്കി.
പോവാതെ നിവൃത്തിയില്ല.  ഔപചാരികയോഗം മാത്രമല്ല.
പ്രഫസര്‍ കൃഷ്ണനുണ്ണി പറഞ്ഞു:
'ഒരു ത്രില്‍. പോവാം നമുക്ക്'
സഫീര്‍ വളരെ സന്തോഷത്തോടെ തിരിച്ചുവന്നു. ബോട്ടില്‍ കടല്‍ യാത്രചെയ്യുന്നതിന്റെ ഉത്സാഹത്തിലാണ്.  രാവിലെ സ്പീഡ് വെസലില്‍ ഛര്‍ദ്ദിച്ചയാളാണ്. ഈ യുവാക്കളുടെയൊരുകാര്യം.
പോവാന്‍ തീരുമാനമായപ്പോള്‍ ബോട്ട് ഒഴുകിയെത്തി.



No comments:

Post a Comment